സത്യവാങ്മൂലം

സത്യവാങ്മൂലം Case Dairy.... Enquiry... Research.. Information.. Reaction

കഥ: ഗരുഡൻ  ഈച്ചമാനിച്ചെടികൾ അതിർ വരമ്പിട്ട ചെമ്മണ്ണ് നിറഞ്ഞ പാതയിൽ കൂടി പോകുന്ന ചിന്നപ്പഗൗഡരുടെ കാളയുടെയും വണ്ടിയുടെയും ...
20/10/2026

കഥ: ഗരുഡൻ

ഈച്ചമാനിച്ചെടികൾ അതിർ വരമ്പിട്ട ചെമ്മണ്ണ് നിറഞ്ഞ പാതയിൽ കൂടി പോകുന്ന ചിന്നപ്പഗൗഡരുടെ കാളയുടെയും വണ്ടിയുടെയും ശബ്ദം കേട്ടുകൊണ്ടാണ് പതിവുപോലെ ആ ഗ്രാമം ഉണർന്നത്.

ചിന്നപ്പ ഗൗഡരുടെ അമ്പലത്തിലേക്കുള്ള യാത്രയാണ്. അമ്പുകുത്തി മലകളുടെ ഇടയിൽ കൂടി എത്തി നോക്കാൻ പോലും സൂര്യൻ ഭയപ്പെടുകയാണോ എന്നു തോന്നുമാറ് മഞ്ഞ് മൂടിയിരുന്നു.

പാതവക്കിലെ ഈച്ചമാനി ചെടികൾ പേടിച്ച് രണ്ടു വശങ്ങളിലേക്ക് തല ചായ്ച്ചു കൊടുത്തു. ചിന്നപ്പ ഗൗഡരുടെ ഒരു ദിവസം ആരംഭിക്കുകയായി. ചിന്നപ്പ ഗൗഡർ ഷഷ്ടിപൂർത്തിയോടടുത്തെങ്കിലും അവിവാഹിതനാണ്. "വിടനെന്തിനാ വേളി?" ഗ്രാമവാസികൾ കുശുകുശുത്തു. ആരെയും ഭയപ്പെടുത്തുന്ന നോട്ടവും പെരുമാറ്റവും, ഒരുപക്ഷേ അയാളുടെ ആ ജ്വലിപ്പിക്കുന്ന കണ്ണുകളായിരിക്കും അയാളെ ഇന്നും ഗ്രാമത്തലവൻ എന്ന പദവിയിൽ ഉറപ്പിച്ചു നിർത്തുന്നത്.

വർഷങ്ങൾ പിന്നിട്ടെങ്കിലും ഗൗഡരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കാത്ത ആരും ഈ ഗ്രാമത്തിൽ ഉണ്ടാവില്ല. ഗൗഡർ അന്തിയുറങ്ങാത്ത കുടിലുകൾ പോലും ചുരുക്കമായിരിക്കും.

ഗൗഡരുടെ മുറ്റത്തിന്നരികിലായി നിന്നിരുന്ന പറങ്കിമാവുകൾ പൂത്തു കുലച്ച് ഫലം കായ്ച്ച് ആടി ഉലഞ്ഞെങ്കിലും, കിളികൊത്തിയില്ലാത്ത മാമ്പഴങ്ങൾ മുറ്റത്ത് വീണ് ഈച്ചയും കൊതുകും അവക്കു മുകളിൽ പാറിക്കളിച്ചു. ഷർട്ടിടാത്ത ഗൗഡരുടെ പുറത്തെ ഇടതൂർന്ന രോമങ്ങൾ വാർദ്ധക്യത്തെ വെല്ലുവിളിച്ചുകൊണ്ടേ നിന്നു. ഇത് കണ്ട് പ്രായമായവർ പരസ്പരം ചെവിയിൽ മന്ത്രിക്കും, സാമുദ്രികരെ പോലെ: "പുറത്തു പുല്ലൻ, കുലദ്രോഹി, വിടൻ!"

ഗൗഡർ എവിടെയും തന്റെ കാളവണ്ടിയിലേ സഞ്ചരിക്കൂ. മൂക്കുകുത്താത്ത കാളകളെ പൂട്ടിയ ആ വണ്ടിയിൽ ചിന്നപ്പ ഗൗഡരല്ലാതെ ആരും ഇതേവരെ കയറിയിട്ടില്ല. ഗൗഡർ വണ്ടിയിൽ കയറിയിരുന്നാൽ കാളകൾക്കറിയാം ഗൗഡരുടെ വഴികൾ.

വേനലിനറുതി വരാൻ വളരെ വൈകി. ജലക്ഷാമം വന്ന് വളർത്തുമൃഗങ്ങൾ ഓരോന്നായി പിടഞ്ഞു വീണുകൊണ്ടിരുന്നപ്പോൾ, വറ്റാത്ത കിണർ ഗ്രാമത്തിൽ ചിന്നപ്പ ഗൗഡരുടെതു മാത്രമായി.

പലർക്കും സമനില തെറ്റി; അവർ ഗൗഡരോട് വെള്ളം കോരുവാൻ അനുമതി ചോദിച്ചു. "പ്ഫൂ, തെണ്ടിപരിഷകൾ! ആരോടാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കട്ടെ!" അവരിൽ ചിലരൊക്കെ മൂക്കുകുത്താത്ത കാളകളുടെ കൊമ്പുകൾക്കിരയായി.

വായിൽ പല്ലുകളുള്ള ഗ്രാമവാസികൾ അന്ന് പല്ലിറുമ്മിയിരിക്കും. പല്ലുപോയവർ പറഞ്ഞിരിക്കും: "ഹല്ലാ! ഗൗഡരോടവർ വെള്ളം ചോദിച്ചെന്നോ? എന്തൊക്കെയായാലും മനുഷ്യർ തല മറന്ന് എണ്ണ തേയ്ക്കാമോ?"

അമ്പലത്തിൽ പൂജ കഴിഞ്ഞ് നിവേദ്യച്ചോറുമായി ഗൗഡർ ആനപ്പാറയിൽ കയറി ഗരുഡനെ കൈകൊട്ടി വിളിച്ചു.

ഗരുഡന് ആഹാരം കൊടുത്തിട്ടേ ഗൗഡർ തന്റെ പ്രാതൽ കഴിക്കൂ. വർഷങ്ങളായി ഗൗഡർ നിവേദ്യച്ചോറ് കൊടുത്ത് സ്ഥാപിച്ചതാണ് ഗരുഡനുമായുള്ള ഈ ചങ്ങാത്തം. പതിവ് സമയം കഴിഞ്ഞിട്ടും അന്ന് ഗരുഡൻ വന്നില്ല. "ഇന്ന് എന്തുപറ്റി അവന്?"

ഗൗഡർ നാലു ദിക്കിലേക്കും കൈ കൊട്ടി വിളിച്ചു, ഗരുഡനെ കാണാനില്ല. ചിന്നപ്പ ഗൗഡരുടെ നിഴലിന് നീളം കുറഞ്ഞു വന്നു, പിന്നീട് പാദത്തിനടിയിൽ മാത്രമായൊതുങ്ങി. ആനപ്പാറ ചുട്ടു പഴുത്തപ്പോഴും വാടിയ വാഴയിലയിൽ നിവേദ്യച്ചോറുമായി പ്രാതൽ കഴിക്കാതെ ഗൗഡർ ആനപ്പാറയുടെ മുകളിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉത്സാഹത്തോടെ, വാശിയോടെ, ക്രോധത്തോടെ… "നന്ദികെട്ട ജന്തു, കീടം. ഇന്നീ നിവേദ്യച്ചോറ് നിന്റെ കൊലച്ചോറാക്കും, ഞാൻ."

ഗൗഡർ എപ്പോഴും അരയിൽ സൂക്ഷിച്ചിരുന്ന കത്തി ഉരസി മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. വീണ്ടും ഗൗഡരുടെ നിഴലിന് നീളം കൂടിക്കൊണ്ടിരുന്നു. സൂര്യൻ പടിഞ്ഞാറ് ആയിരം കൊല്ലിയിൽ താഴാൻ ഇനി നാഴികകൾ മാത്രം.

ആയിരം കൊല്ലിയുടെ മുകളിൽ ആകാശം ചുവന്നു തുടുത്തു. പെട്ടെന്നാണ് ഗൗഡർ അതുകണ്ടത്. ദൂരെ ആയിരംകൊല്ലിയിൽ നിന്ന് ഗരുഡൻ മേഘങ്ങളോടു കൂടി പറന്നു വരുന്നു. "വരട്ടെ, ഇങ്ങ് വരട്ടെ. നീയിന്നെന്നെ അത്താഴത്തിന് പ്രാതൽ ഊട്ടും, അല്ലേ?"

ഗൗഡർ കൈകൊട്ടി വിളിച്ചില്ലെങ്കിലും ഗരുഡൻ നിവേദ്യച്ചോറെടുക്കാൻ ആനപ്പാറയിലേക്ക് വന്നില്ല. അത് ഗൗഡരുടേതുമാത്രമായ അമ്പലത്തിന്റെ താഴികക്കുടത്തിൽ പറന്നിരുന്നു. പകരം വന്നത്, ഗരുഡനോടൊത്ത് പറന്നു വന്ന പരശ്ശതം കാട്ടുതേനീച്ചകൾ ആയിരുന്നു. അവ ഗൗഡരുടെ ചുറ്റും പറന്നു. ഗരുഡൻ മൂന്നുവട്ടം ആനപ്പാറക്ക് ചുറ്റും സാമവേദഗാനരസത്തോടെ ചിറകടിച്ച് പറന്നു കഴിഞ്ഞപ്പോഴേക്കും ഗൗഡർ കാർമേഘ വർണ്ണനായി ആനപ്പാറക്ക് മുകളിൽ കൈകാലിട്ടിളക്കി, പിന്നെ ചലനമറ്റു. അപ്പോഴേക്കും സൂര്യൻ ആയിരം കൊല്ലിയിലേക്ക് ഉത്സാഹത്തോടെ താഴ്ന്നിറങ്ങിയിരുന്നു. ഭയപ്പെടാതെ നാളെ അമ്പുകുത്തിയിലുയരുവാൻ…..

--- #കഥ #ചെറുകഥ
മാത്തപ്പൻ വെങ്ങോല

01/10/2026

പ്രകൃതിയുടെ അതിജീവനത്തിന്

ചെറുകഥകറുത്ത പാടുകൾഅവസാന വർഷം, മെൻസ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ റൂം നമ്പർ 355 എനിക്ക് സ്വന്തമായി ലഭിച്ചപ്പോൾ ഞാനും എന്റെ ...
01/10/2026

ചെറുകഥ

കറുത്ത പാടുകൾ

അവസാന വർഷം, മെൻസ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ റൂം നമ്പർ 355 എനിക്ക് സ്വന്തമായി ലഭിച്ചപ്പോൾ ഞാനും എന്റെ പറയാത്ത രഹസ്യങ്ങളുമായിരുന്നു ചങ്ങാതിമാർ.

ആദ്യവർഷങ്ങളിലൊക്കെ, താഴത്തെ നിലയിൽ ജയകൃഷ്ണന്റെയും വിനോദിന്റെയും കൂടെയായിരുന്നു താമസം. രണ്ടുപേരും റാങ്ക് ഹോൾഡർമാർ. ജയകൃഷ്ണൻ പെൺവിഷയത്തിൽ താൽപര്യമില്ലാത്ത ആളാണ്. വിനോദിനെ ‘ശ്രീകൃഷ്ണൻ’ എന്നാണ് ഞാനും ജയകൃഷ്ണനും വിളിച്ചിരുന്നത്.

ലേഡീസ് ഹോസ്റ്റലിലെ അഴികൾ ഇളക്കിയൂരിയ ജനലിൽക്കൂടി ഇഴഞ്ഞുകയറുന്ന വിനോദിനെ അയാളുടെ ഗേൾഫ്രണ്ട് സഹായിക്കുന്നത് ദൂരെ കാറ്റാടിമരത്തിന്റെ നിഴലിൽ നിന്ന് ചില രാത്രികളിൽ ഞാൻ കണ്ടിട്ടുണ്ട്. അതു ഞാനും വിനോദുമടങ്ങുന്ന ഒരു ലോകമായിരുന്നു.

ഒരു ദിവസം ഞാൻ വിനോദിനോട് പറഞ്ഞു, ‘ഇന്ന് ഞാനും വരുന്നു തന്റെ കൂടെ ഹണ്ടിങ്ങിന്.’

‘എങ്ങോട്ട്?’

‘ലേഡീസ് ഹോസ്റ്റലിലേക്ക്.’

‘അതിന് താൻ ഹണ്ടറല്ലല്ലോ, വെറും ഗസ്റ്റല്ലേ?’

വിനോദ് എന്നെ സ്നേഹപൂർ്വം ഒഴിവാക്കി.

ഞാൻ വച്ചിരുന്ന മുഖംമൂടി ഒരു നിമിഷം വിനോദിന്റെ മുമ്പിൽ കെട്ടഴിക്കേണ്ടി വന്നതിൽ ഞാൻ ഏറെ ദുഃഖിച്ചു.

‘എല്ലാത്തിനും വഴിയുണ്ടാക്കാം’ — ഈ വിനോദല്ലേ പറയുന്നത്.

‘താൻ കന്നിക്കാരനല്ലേ, ഹോസ്റ്റലിൽ പോകണ്ട. നമുക്ക് ടൗണിൽ ഒന്നു തപ്പിനോക്കാം.’

എനിക്ക് ആശ്വാസമായി. അരനനഞ്ഞാൽ ചരിച്ചു കയറ്റിയിട്ട് കാര്യമില്ലല്ലോ.

എന്റെ മനസ്സിൽ ഒരു കന്നിയങ്കത്തിന്റെ പെരുമ്പറക്കൊട്ടൽ ഏറെ അസ്വസ്ഥതകളുണ്ടാക്കി. അപരിചിതയായ എതിരാളിയെ നേരിടാൻ ആയുധങ്ങൾ ഉപയോഗിക്കാനുള്ള തന്ത്രങ്ങൾ ഗുരുവായ വിനോദിനോട് ചോദിച്ചറിയണമെന്നായിരുന്നു ആദ്യം തോന്നിയതെങ്കിലും, അനുഭവം തന്നെ ഗുരുവാകട്ടെയെന്ന് മനസ്സിൽ ഉറപ്പിച്ചു.

ഞങ്ങൾ തിരക്കുള്ള ടൗണിൽ കൂടെ നടന്നു. മനസ്സിൽ വിനോദ് പറഞ്ഞ ലക്ഷണങ്ങൾ ഓരോന്നായി തെളിഞ്ഞുവന്നുകൊണ്ടിരുന്നു. തിളക്കമുള്ള വസ്ത്രങ്ങൾ, വിലകുറഞ്ഞ ചെരുപ്പും ഹാൻഡ് ബാഗും പെർഫ്യൂമും, മുഖത്ത് കൂടുതൽ പൗഡർ, ഉറപ്പിനായി കാൽക്കണ്ണിന്റെ പുറംഭാഗത്തെ ഓരോ കറുത്ത പാടുകൾ.

പട്ടണത്തിലെ തിരക്ക് കുറഞ്ഞുകൊണ്ടിരുന്നു. സെക്കൻഡ് ഷോ കഴിഞ്ഞുകാണും. പട്ടണത്തിലെ ഒന്നുരണ്ട് വലിയ ഹോട്ടലുകൾ ഒഴികെ എല്ലാം അടച്ചുപൂട്ടി. അവയുടെ വരാന്തകളിൽ കാലത്തിന്റെ വിശപ്പുകെട്ടുകൾ പോലെ പരദേശികൾ അന്തിയുറങ്ങി.

ഞങ്ങൾ ഹോസ്റ്റലിലേക്ക് മടങ്ങി. എന്റെ മനസ്സിൽ മുഴുവൻ വിനോദ് പറഞ്ഞ ലക്ഷണങ്ങളായിരുന്നു. ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ ജയകൃഷ്ണൻ വായിച്ചുകൊണ്ടേയിരുന്നു.

റൂം നമ്പർ 355-ൽ ഞാൻ തനിച്ചായപ്പോൾ, രാത്രിയിൽ വാതിലടച്ച് കുറ്റിയിടും. അമ്പലമൈതാനത്തിലെ വിജനമായ ആൽത്തറയിലേക്ക് തുറക്കുന്ന ജനൽപ്പാളി പതുക്കെ തുറന്നിടും.

രാത്രിയായാൽ സ്ത്രീപുരുഷരൂപങ്ങൾ അരണ്ട വെളിച്ചത്തിൽ ഒളിഞ്ഞും പാത്തും വരും ആൽത്തറയിൽ — നിമിഷങ്ങളുടെ വ്യാപാരികൾ.

ലജ്ജ കൊണ്ട് ഞാൻ മുറിയിലെ ലൈറ്റണയ്ക്കും. ജനൽപ്പാളി അല്പം കൂടി തുറന്നിടും. നിഴലാട്ടങ്ങൾ കഴിഞ്ഞാൽ വിജനമായ ആൽത്തറ വീണ്ടും വരും. ആൾരൂപങ്ങൾ. സ്ത്രീരൂപം അപ്പോഴും ഒരുപോലിരുന്നു.

ഞാനും തളർന്ന് മയങ്ങി.

ഇത് ഞാൻ മാത്രമടങ്ങുന്ന ലോകമായിരുന്നു.

അന്ന് എനിക്ക് വലിയ സന്തോഷമുള്ള ദിവസമായിരുന്നു. നാട്ടിൽനിന്നും ഒരു സ്നേഹിതൻ വന്നിരുന്നു — അഷ്റഫ്.

പോകാൻ നേരത്ത് ഞാൻ അവനോട് പറഞ്ഞു, ‘ആ ടെലിസ്കോപ്പ് ഇവിടെ ഇരുന്നോട്ടെ, ഞാൻ വെക്കേഷന് വരുമ്പോൾ കൊണ്ടുതരാം.’

ഞാൻ രാത്രിയാകാൻ കാത്തിരുന്നു. നേരത്തെ തന്നെ ലൈറ്റണച്ച് ജനൽപ്പാളികൾ തുറന്നിട്ടു. മേശപ്പുറത്തിരുന്ന ടൈംപീസിന്റെ ശബ്ദവും എന്റെ നെഞ്ചിടിപ്പും തമ്മിൽ മത്സരിച്ചുകൊണ്ടിരുന്നു.

നിലാവെളിച്ചത്തിൽ ഒരു സ്ത്രീരൂപം ആൽത്തറയെ ലക്ഷ്യമാക്കി ഒഴുകിവന്നുകൊണ്ടിരുന്നു. അവരുടെ കൈകളിൽ ഭാരമുള്ള എന്തോ പൊതി ഉള്ളതുപോലെ തോന്നി.

ഞാൻ ടെലിസ്കോപ്പ് സ്ത്രീരൂപത്തിന്റെ കാൽ തൊട്ട് ഫോക്കസ് ചെയ്തു.

ശരിയാണ്, വർഷങ്ങൾക്കുമുമ്പ് വിനോദ് പറഞ്ഞ ലക്ഷണങ്ങൾ.

ജീവിതഭാരത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്നപോലെ ഓരോ കറുത്ത പാടുകൾ.

ഞാൻ ടെലിസ്കോപ്പ് മേലോട്ടുയർത്തി.

ഹോ, ഇനിയും മരിച്ചിട്ടില്ലാത്ത ഒരു സ്ത്രീ.

അവർ ആ തുണിക്കെട്ട് ആൽത്തറയിൽ വച്ച് തിരിഞ്ഞുനടന്നു.

ഞാൻ നിഴലാട്ടങ്ങളുടെ വ്യക്തതയ്ക്കായി കാത്തിരുന്നു.

പെട്ടെന്ന് ആൽത്തറയിലിരുന്ന തുണിക്കെട്ടിൽനിന്നും ശബ്ദവും അനക്കവുമുണ്ടായി.

രണ്ട് ചുവന്ന കുഞ്ഞിക്കാലുകൾ പുറത്തേക്ക് വന്നു.

ഞാൻ അവിടേക്ക് ഫോക്കസ് ചെയ്തു.

ഞാൻ നടുങ്ങിപ്പോയി — ആ ചോരക്കാലുകളിലും കറുത്ത രണ്ടു പാടുകൾ.

ഞാൻ ജനൽപ്പാളികൾ വലിച്ചടച്ച് കൊളുത്തിട്ടു.

--- #ചെറുകഥ

മാത്തപ്പൻ വെങ്ങോല

26/09/2026

Asian Olympic

കഥശെൽവം തെരുവിലെ തിരക്കുള്ള നാൽക്കവലയിലെ കോണിലായി പതിവു പോലെ ചെരിപ്പുകുത്തുന്ന ആൾ ഇരുന്നു ജോലി ചെയ്തിരുന്നു.അങ്ങോട്ടും ഇ...
26/09/2026

കഥ

ശെൽവം

തെരുവിലെ തിരക്കുള്ള നാൽക്കവലയിലെ കോണിലായി പതിവു പോലെ ചെരിപ്പുകുത്തുന്ന ആൾ ഇരുന്നു ജോലി ചെയ്തിരുന്നു.

അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്ന വാഹനങ്ങളെ അയാൾ ശ്രദ്ധിച്ചില്ല, ആ തെരുവിൽ കൂടി നടന്നകലുന്ന കാലുകളിലാണ് എപ്പോഴും അയാളുടെ നോട്ടം. ചെരുപ്പിടാത്ത കാലുകളുടെ ഉടമകളോട് അയാൾക്ക് സഹതാപമേയുള്ളൂ. സമയം നട്ടുച്ചയോടടുത്തെങ്കിലും ചെരുപ്പു പൊട്ടിയ ആരെയും അയാൾ കണ്ടിട്ടില്ല. തുറന്നുവച്ചിരുന്ന പോളിഷ്ഡെപ്പിയിൽ പൊടിപറത്തിക്കൊണ്ട് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുകൊണ്ടേയിരുന്നു.

തൊട്ടു പുറകിലെ ഇലക്ട്രിക് പോസ്റ്റിൽ ചാരിയിരുന്ന അയാൾ മുന്നിൽ ചലിക്കുന്ന കാലുകൾ ശ്രദ്ധിച്ചു.

'ഇന്നൊരു നശിച്ച ദിവസമാണ്.' അയാൾ മനസ്സിൽ പറഞ്ഞു.

പാലക്കാട് നിന്നും സഹദേവൻ നായരായിരുന്ന താൻ കള്ളവണ്ടി കയറി ശെൽവമായിട്ടാണ് ഈ പട്ടണത്തിൽ ഇറങ്ങിയത്. ശെൽവമായതിൽ പിന്നെ വിശന്നലയേണ്ടി വന്നിട്ടില്ല.

ഇന്നിപ്പോൾ.........

ശെൽവം ഒന്നുകൂടി നിവർന്നിരുന്നു. ആരൊക്കെയോ കേടുവന്ന ചെരുപ്പുമായി മുന്നിൽ കൂടി കടന്നു പോയതു പോലെ അയാൾക്ക് തോന്നി.

'ചില ആളുകൾ അങ്ങനെയൊ. തീരെ ശ്രദ്ധയില്ല. പൊട്ടിയ ചെരിപ്പുമായി അല്ലെങ്കിൽ നിറം മങ്ങിയ ഷൂവുമായി അങ്ങോട്ടു പോകും. ഇതെല്ലാം ഓർമ്മിപ്പിക്കേണ്ടത് മറ്റാരുടെയോ ചുമതലയാണെന്ന മട്ടിൽ'

ശെൽവം ഇടയ്ക്കിടയ്ക്ക് വിളിച്ചു പറഞ്ഞു.

'പോളിഷ് ചെയ്യട്ടെ സാർ'

'ശെരിപ്പ് തുന്നിപ്പോട്ട് സാർ'

ആരും ശെൽവത്തെ ശ്രദ്ധിച്ചില്ല. അയാൾ ഉളിയും സൂചിയും ഒന്നുകൂടെ മൂർച്ച കൂട്ടി വെച്ചു.

തലേന്നാൾ വാങ്ങിയ ബീഡിയിൽ ബാക്കിയുള്ള ആ ഒരെണ്ണത്തിന്നു കൂടി തീ പിടിപ്പിച്ച് വീണ്ടും ഇലക്ട്രിക് പോസ്റ്റിൽ ചാരിയിരുന്നു. ഉച്ചവെയിലിന്റെ ചൂടേറ്റ് അയാളുടെ കണ്ണുകൾ ഒക്കെ അടഞ്ഞു.

ശെൽവത്തിന് സന്തോഷം അടക്കാൻ ആയില്ല. മുന്നിൽ പൊട്ടിയ ചെരിപ്പുമായി എത്രയോ പേർ. ചിലർ നോട്ടുകൾ തനിക്ക് നേരെ നീട്ടി ഊഴം ഉറപ്പിക്കുന്നു. ചിലരുടെ മുഖത്ത് കാത്തു നിൽപിന്റെ നൈരാശ്യം.

'സരി, ശെരിപ്പു കൊട് സാർ'

ശെൽവം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് കണ്ണുതുറന്നു.

മുന്നിൽ ഒരാൾ മാത്രം. കാത്തുനിൽക്കുന്നു. കീറിപ്പൊളിഞ്ഞ, ചെരിപ്പുമായി, ശെൽവം ആഗതനെ സൂക്ഷിച്ചു നോക്കി. ആ കീറിപ്പൊളിഞ്ഞ, ചെരുപ്പുകൾ അയാൾക്കു ചേരുമായിരുന്നു.

ആ ഒരു നിമിഷത്തിന്റെ മൗനത്തിനുശേഷം ആഗതൻ പറഞ്ഞു. 'ശെരിപ്പു പണി എനിക്കും തെരിയുമണ്ണാ, ഞാനും ഉങ്ക കൂടെ ഉക്കാരട്ടോ.'

'മറ്റൊരു ശെൽവം' ശെൽവം മനസ്സിൽ കണ്ടു. 'സരി അപ്പിടി ആകട്ടും.'

ശെൽവം താനിരുന്ന ചാക്കിന്റെ ഒരു മടക്കുകൂടി നിവർത്തിയിട്ടു.

---

മാത്തപ്പൻ വെങ്ങോല
#ചെറുകഥ

23/09/2026

Wayanad

ലേഖനംവയനാട് എന്റെയും കൂടി നാട്കോഴിക്കോട് ജില്ലയിലെ വൈത്തിരി സുൽത്താൻബത്തേരി താലൂക്കുകളും കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന മ...
23/09/2026

ലേഖനം

വയനാട് എന്റെയും കൂടി നാട്

കോഴിക്കോട് ജില്ലയിലെ വൈത്തിരി സുൽത്താൻബത്തേരി താലൂക്കുകളും കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന മാനന്തവാടി താലൂക്കും ഉൾപ്പെടുത്തി 1980 നവംബർ 1 ന് കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായിട്ടാണ് 2131 ച.കി.മീറ്റർ വിസ്തൃതിയുള്ള ജില്ല രൂപീകൃതമാകുന്നത്. നാല്പ്പത്തെട്ടും വില്ലേജുകളും ഇരുപത്തി മൂന്ന് പഞ്ചായത്തുകളും മൂന്ന് മുൻസിപ്പാലിറ്റികളും നിലവിലുള്ള വയനാട് ജില്ലാ സമുദ്രനിപ്പിൽ നിന്നും 2500 മീറ്റർ ഉയരത്തിൽ കേരളത്തിന്റെ കളിത്തൊട്ടിലായി സൈര്യമായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ്. വിനോദസഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കാത്ത ഒരു തുണ്ട് ഭൂമി പോലും വയനാട്ടിലില്ല. അതുകൊണ്ടു തന്നെ വയനാടിന് പ്രത്യേകിച്ച് വെവ്വേറെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോയിന്റുകൾ അടയാളപ്പെടുത്തേണ്ടതില്ല. കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രദേശമാണ് വയനാട്.
തമിഴ്നാട് കർണാടക സ്റ്റേറ്റുകളും കേരളത്തിലെ തന്നെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളും അതിർത്തി പങ്കിടുന്ന വയനാട്ടിലേക്ക് ഈ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നുള്ള റോഡുമാർഗ്ഗമുള്ള ഗതാഗത സൗകര്യം ഭേദപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ വൈവിദ്യ സംസ്കാരങ്ങളുടെയും സാമൂഹിക ഘടനയുടെയും സങ്കലനത്തിനുള്ള കേരളത്തിന്റെ യഥാർത്ഥ പരിച്ഛേദം കൂടിയാണ്.
വയനാട് ജില്ലയുടെ ഭൂരിഭാഗം പ്രദേശവും പൊതുവേ വടക്ക് കിഴക്കോട്ടായി അല്പം ചരിഞ്ഞു കിടക്കുന്നതിനാൽ സൂര്യതാപത്തെ അതിജീവിക്കാൻ പ്രകൃത്യാ അനുഗ്രഹീതമാണ്.
കേരളത്തിലെ എല്ലാവിധ കൃഷികൾക്കും അനുയോജ്യമാണ് വയനാടിന്റെ മണ്ണും കാലാവസ്ഥയും. എന്നാൽ കാർഷികവൃത്തി ഒരു പ്രധാന വരുമാനമായി കണ്ടകാലം ഒരു മധുരിക്കുന്ന ഓർമ്മയാണിന്ന് വയനാടിന്.
മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള മറ്റൊരു ജില്ല കേരളത്തിലില്ല. ജാതിമത രാഷ്ട്രീയ വിശ്വാസങ്ങളിൽ വ്യത്യസ്തരാണെങ്കിലും വയനാട്ടുകാർക്ക് ഒരു മനസേ ഉള്ളൂ. അക്കാര്യത്തിൽ വയനാട്ടുകാർ ഒറ്റക്കെട്ടാണ്.
വയനാടിന്റെ ഭൂവിസ്തൃതിയിൽ മുപ്പത്തഞ്ചു ശതമാനത്തിലേറേ റിസർവ് ഫോറസ്റ്റാണ്.
ഇരുപത്തഞ്ച് ശതമാനത്തിലധികം പ്രദേശം മൂപ്പതിൽ അധികം ചെറുതും വലുതുമായ പ്ലാന്റേഷൻ എസ്റ്റേറ്റുകളാണ്.
സ്വാതന്ത്ര്യാനന്തരകാലത്ത് പോലും ഈ എസ്റ്റേറ്റ് ഉടമകൾ ഏതാണ്ട് ഒരു സമാന്തര ഭരണകൂടം പോലെയാണ് പ്രവർത്തിച്ചുവന്നത്.വയനാട്ടിലെ താമസ യോഗ്യമായ ഭൂപ്രദേശങ്ങളിൽ എസ്റ്റേറ്റ് കോർപ്പറേറ്റുകളുടെ അനധികൃത കയ്യേറ്റ അന്നത്തെ അധികാരികളും,തഹസീൽദാരന്മാർ, കളക്ടറും, പത്ര മാധ്യമങ്ങളും എന്തിനേറെ മതമേധാവികളും ചേർന്ന് സ്ഥാപിക്കപ്പെട്ടപ്പോൾ നീതിന്യായ വ്യവസ്ഥകൾ പോലും നിശ്ശബ്ദമായിട്ടാണ് പ്രതികരിച്ചത്.ഭൂപരിഷ്കരണം കൊടിയ്യാലാഭിക്കപ്പെടുന്ന നമ്മുടെ നാട്ടിൽ വൻകിട അനധികൃത കയ്യേറ്റങ്ങൾ നടത്തിയവർ സോഷ്യലിസ്റ്റുകാരും ജീവകാരുണ്യ പ്രവർത്തകരുമായി പരിവർത്തന പരിവർത്തനപ്പെടുന്നത് സമാധാനപ്രിയരായ കുടിയേറ്റ ജനത നിസംഗതയോടെ വയനാടിനെ വലതുപക്ഷ വളക്കൂറുള്ള മണ്ണാക്കി മാറ്റി.
ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ നെക്സലേറ്റുകളാക്കി കീഴ്പ്പെടുത്തി. അവർ മുന്നോട്ട് വെച്ച വയനാട്ടിലെ ഭൂഉടമാവ്യസ്ഥകൾ ചർച്ച ചെയ്യാൻ പുരോഗമനവാദികൾ പോലും ഭയപ്പെട്ടു.

കമ്പോള വ്യവസ്ഥ വയനാടിനെ ഗ്രഹസിക്കുന്നത് കണ്ട് അമ്പരന്ന യൂവത കിടപ്പാടവും പണയം വച്ച് യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തുകയാണ്.
അറുപതുകളിൽ വയൽ നാടായ വയനാടിന്റെ ഇരുപതുശതമാനത്തിലേറേ ഭൂഭോഗം നൂറുമേനി വിളവ് തരുന്ന നെൽവയലുകൾ ആയിരുന്നു.
അമ്പുകുത്തിമല, പാതിരിപ്പാറ, കൊളഗപ്പാറ, മുതലായ പാറക്കൂട്ട കൊടുമുടികളും, അതുപോലെ ജലാശയങ്ങളും, പൊതുസ്ഥലങ്ങളും നിരത്തുകളുമായി വയനാടിന്റെ പത്തുശതമാനത്തിലേറേ ഭൂവിസ്തൃതിയിൽ ഉൾപ്പെടുന്നു. ചുരുക്കത്തിൽ വയനാടിന്റെ ഭൂമിവ്യാപ്തിയിൽ പത്തുശതമാനം സ്ഥലത്തുമാത്രമാണ് ഇപ്പോൾ സ്ഥിരമായ ജനവാസമുള്ളത്.
അതിൽ തന്നെ രണ്ട് ശതമാനം (42ച.കി.മീറ്റർ) സ്ഥലം ചേമ്പ്രാ, മേപ്പാടി, പടിഞ്ഞാറത്തറ, പൊഴുതന, കോട്ടത്തറ,ശശിമല, മുള്ളൻകൊല്ലി എന്നീ പ്രദേശങ്ങളിൽ ഉൾപ്പെട്ട അപകടകരമായ കുന്നിൻ ചെരുവുകളും അതിന്റെ താഴ്വാരങ്ങളുമായി ജനവാസയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങളാണ്.
ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും, കൃഷിനാശത്തിനും, കൂട്ടമരണങ്ങൾക്കും വലിയ സാധ്യതയുള്ളതാണ്.
വയനാട്ടിലെ സമീപകാലത്തെ ദുരന്തത്തിനിരയായവരെ സുരക്ഷിതമായി ഒരു പുതിയ സ്ഥലത്ത് പുനരധിവസിപ്പിക്കുന്നതാണ് ഉചിതം. ഇത്തരം അപകട സാധ്യത കൂടുതലുള്ള ഭൂപ്രദേശങ്ങളിലേക്കുള്ള പുതിയ കുടിയേറ്റങ്ങൾ പലവിധ സർക്കാർ നടപടികളുടെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാവുന്നതാണ്. അത്തരം പ്രദേശങ്ങളിൽ അങ്കണവാടികൾ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾ പുതിയതായി ആരംഭിക്കരുത്. ഹോം സ്റ്റേകൾ, ബഹുനില കെട്ടിടങ്ങൾ എന്നിവയ്ക്ക് പുതിയ അനുവാദങ്ങൾ നൽകരുത്. നിലവിലുള്ള ഹോംസ്റ്റേകളുടെ പ്രവർത്തനം രാത്രികാലങ്ങളിലും ജൂൺ മുതൽ ആഗസ്റ്റ് മാസം വരെ പൂർണമായി പ്രവർത്തിപ്പിക്കരുത് എന്നത് തദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടികളോടെ വിലക്കേണ്ടതാണ്. ഇത്തരം പ്രദേശങ്ങൾ കണ്ട് ആസ്വദിക്കാൻ സഞ്ചാരികൾക്ക് യാതൊരു വിലക്കും പകൽ സമയങ്ങളിൽ ഉണ്ടാകരുത്.
ഉപാധിരഹിതമായി വയനാടിനെ വിനോദസഞ്ചാരത്തിനായി തുറന്നു കൊടുത്തപ്പോൾ വയനാട്ടിന്റെ തനതു സംസ്കാരം വിസ്മൃതിയിലായി. വയനാട്ടിലെ താമസക്കാരല്ലാത്ത പുതിയ കച്ചവടക്കാരുടെ ലാഭേഛ മാത്രം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് കുഴലൂത്തുകാരായി മാറിയ വയനാട്ടിലെ കർഷക ജനതയും യുവജനങ്ങളും നഗരവൽക്കരണത്തിലൂന്നിയ വിനോദസഞ്ചാര മാത്രം വരുമാനസ്രോതസ്സായി തെറ്റിദ്ധരിച്ചു. ഭൂമി ഉടമസ്ഥതയിൽ കാതലായ മാറ്റം വരുത്തി മാത്രമേ ദുരന്തബാധിതരുടെ പുനരധിവാസവും ക്ഷേമവും അതോടൊപ്പം പുതിയ കുടിയേറ്റ ആവാസവും സാധ്യമാകൂ.
നിലവിലെ ദുരന്തത്തിനിരയായ നിരാശ്രയരായ കുടുംബങ്ങളെയും വ്യക്തികളെയും വയനാട്ടിലെ അപകടകരമായ മലഞ്ചെരുവുകളിലും അതിന്റെ താഴ്വാരത്തുമായി അധിവസിക്കുന്നവരെയും മുൻഗണന ക്രമത്തിൽ പുതിയ ആവാസ യോഗ്യമായ സ്ഥലങ്ങളിലേക്കാണ് മാറ്റി താമസിക്കേണ്ടത്.
പ്ലാൻറേഷൻ എന്ന പേരിൽ നിയമവിരുദ്ധമെന്ന് ബഹു കോടതികൾ കണ്ടെത്തിയ പ്ലാന്റേഷൻ എസ്റ്റേറ്റ് ഭൂമികളിൽ ആയിരക്കണക്കിന് ഹെക്ടർ സ്ഥലം അപകടരഹിതവും ആവാസയോഗ്യമായ കാപ്പി തോട്ടങ്ങൾ വയനാട്ടിൽ സുലഭമാണ്.

അത് യഥാർത്ഥത്തിൽ സർക്കാർ ഭൂമിയാണെന്ന് സർക്കാരിനും അനധികൃത കയ്യേറ്റക്കാരായ കോർപ്പറേറ്റ് മുതലാളിമാർക്കും കമ്പനികൾക്കും ബോധ്യമുണ്ടെങ്കിലും ബ്രിട്ടീഷ് ഭരണകാലത്തും, സ്വാതന്ത്ര്യാനന്തര കാലത്തും തുടർന്ന് നടന്ന ഭൂമി കൈമാറ്റ കരാറുകളും മറ്റ് കൈവശ രേഖകളും കാലഹരണപ്പെട്ടതുമാണെന്ന സത്യം വയനാട് നിവാസികൾ സൗകര്യപൂർവ്വം മറന്നു കളയുകയാണ്.അത്തരം അനധികൃത കൈവശക്കാരിൽ നിന്ന് ഇരുപത് ശതമാനം ഭൂമിയെങ്കിലും തിരിച്ചുപിടിക്കാൻ സർക്കാരിനാവേണ്ടിവരുന്ന പൂനരധിവാസങ്ങളും അനായാസമായി നടത്താൻ കഴിയും.
വയനാടിന്റെ തനതു കൃഷിയായ കാപ്പി കൃഷിയുള്ള എസ്റ്റേറ്റ് തോട്ടങ്ങൾ തിരിച്ചുപിടിച്ച് 30 സെന്റിൽ കുറയാത്ത സ്ഥലം ഓരോ ദുരന്തബാധിത കുടുംബങ്ങൾക്ക് സൗജന്യമായി നൽകി വീട് പണിത് തീർത്ത് കൊടുത്തും അവരെ പുനരധിവസിപ്പിക്കാവുന്നതാണ്. വീടിനു പുറത്തുള്ള നിലയിലെ കാപ്പി കൃഷി നിലനിർത്തി ഉപജീവനം നടത്താവുന്നതും വയനാട് ജില്ലയിൽ ഒരു കാപ്പിപ്പൊടി നിർമ്മാണ സഹകരണ സംഘം രൂപീകരിച്ച് ആരംഭിച്ചാൽ 500 ദുരിതബാധിത കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും കണ്ടെത്താവുന്നതാണ്.
എന്നാൽ സമീപകാല പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പുതിയതായി കണ്ടെത്തുന്ന പുനരധിവാസ കേന്ദ്രങ്ങളോട് സമീപമായും നിലവിലെ ജനവാസ മേഖലകളിലും എല്ലാതരത്തിലുമുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ വിനോദസഞ്ചാരത്തെ സുഗമമാക്കുന്ന നിലയിൽ നടത്തേണ്ടതാണ്. പുതിയ ബഹു നില കെട്ടിടങ്ങളുടെ നിർമ്മിതി വയനാട്ടിൽ നിരുത്സാഹപ്പെടുത്തേണ്ടതാണ്. കെട്ടിട നിർമ്മാണമാണ് വികസനത്തിന്റെ തൊട്ടു കാണിക്കാവുന്ന പ്രതീകമെന്ന് ധാരണ തീർത്ത് മാറ്റിയേ പറ്റൂ.
സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു വിനോദസഞ്ചാരയോഗ്യമായ ഒരു ജില്ലയായ വയനാടിനെ നഗരവൽക്കരണ ടൂറിസ പ്രദേശമായി മാറാതിരിക്കാൻ കൂടുതൽ ജാഗ്രത ആവശ്യമാണ്.
എന്നാൽ വയനാട്ടിലേക്ക് ഒരു കിഴക്കൻ റെയിൽ ബന്ധവും, തെക്ക് നിന്നൊരു തുരങ്ക പാതയും വടക്കുനിന്നൊരു സുരക്ഷിതമായ ഹൈവേയും അത്യാധുനിക സൗകര്യങ്ങളുള്ള ഒരു മെഡിക്കൽ കോളേജും അനിവാര്യമാണ്.വയനാട്ടിലേക്ക് കൂടുതൽ കുടിയേറ്റക്കാരെ യ,പ്രകൃതിസ്നേഹികളായ വിനോദസഞ്ചാരികളെയാണ് വയനാടിനാവശ്യം. കാശ്മീരും ഒരു പരിധി വരെ മൂന്നാറും നൂറ്റാണ്ടുകളായി വിരോധസഞ്ചാരകേന്ദ്രങ്ങളായി ഇപ്പോഴും നിൽക്കുന്നത് നിയമം മൂലം അവിടെയുള്ള ചില നിയന്ത്രണങ്ങൾ കൂടിക്കൊണ്ടുമാണ്.
പൂവും പൂന്തോട്ടവും പലരും കണ്ട് ആസ്വദിക്കുന്നതാണ് പൂമാല കഴുത്തിലിട്ട് ആസ്വദിക്കുന്ന ചിലരേക്കാൾ ഉത്തമം.
കാട് വന്യ മൃഗങ്ങൾക്കും നാട് മനുഷ്യനും അവന്റെ ജീവനോപാധികൾക്കുമായി സുരക്ഷിതമാകണമെന്ന കാഴ്ചപ്പാടോടെ വയനാടിനെയും പുനര ക്രമീകരിക്കേണ്ടത് അനിവാര്യമാണ്.
കണക്കുകൾ ഏകദേശമാണ് വയനാടും ഏക-ദേശമാണല്ലോ പലതുകൊണ്ടും.
---

മാത്തപ്പൻ വെങ്ങോല

#വയനാട് #ലേഖനം

22/09/2026

കഥ

ഉത്രാടപ്പിറ്റേന്ന്

രത്നാകരൻ വരുമെന്നറിഞ്ഞാൽ ഞങ്ങൾക്കൊക്കെ വലിയ ഉത്സാഹമാണ്. മുറി എല്ലാം അടിച്ചു തുടച്ച് വൃത്തിയാക്കും, പുസ്തകങ്ങളൊക്കെ അടുക്കിപ്പെറുക്കി പല തട്ടുകളിൽ വയ്ക്കും. അടുക്കളയിലെ പാത്രങ്ങളൊക്കെ വിമ്മിട്ട് കഴുകി വൃത്തിയാക്കും, കിടക്കവിരിയെല്ലാം കഴുകി ഇടും, ആകെപ്പടെ ഒരു വീടിന്റെ ജീവൻ വരും, ചന്തം വരും.

രത്നാകരൻ കഴിഞ്ഞ വിഷുവിന് വന്നു പോയതാണ്, രണ്ടു ദിവസമേ നിന്നുള്ളൂ. അതിൽ പിന്നെ മെനയായിട്ട് മൂന്ന് നേരം ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി രത്നാകരൻ ആരുന്നല്ലേ?

ഒരു ദിവസം ഞങ്ങളുടെ സീനിയർ ഫ്രാൻസിസ് ഫ്രം വാത്തുരുത്തി, ഒരു ചെറുപ്പക്കാരനൊടൊപ്പം ഞങ്ങളുടെ വീട്ടിൽ വന്നു. 'മാളിക' എന്നാണ് ഹോസ്റ്റലിലെ മലയാളി കുട്ടികൾ ഞങ്ങളുടെ ഓടിട്ട ഒന്നാം നില വാടക വീടിനിട്ട പേരെങ്കിലും 'KAIRALI' എന്നാണ് ഡോർ നമ്പറിനോട് ചേർന്ന് ഞങ്ങൾ ഇംഗ്ലീഷിൽ എഴുതി വച്ചിരിക്കുന്നത്. രാത്രിയായപ്പോൾ വന്നു മുട്ടി വിളിച്ചു, ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഇത് മിസ്റ്റർ രത്നാകരൻ, മലയാളിയാണ്, ഇപ്പോൾ ഊട്ടിയിലാണ്, കോൺട്രാക്ടർ. അതിൽ പിന്നെ മൂന്നുവർഷം തികയാറായി, അതിൽ കൂടുതൽ രത്നാകരനെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല. വർഷത്തിൽ മൂന്നോ നാലോ വിശേഷ ദിവസങ്ങളിൽ രത്നാകരൻ ഞങ്ങളുടെ വാടകവീട്ടിൽ വരും. വരുന്നതിന് മുമ്പ് കത്തുണ്ടാകും. പിന്നെ എല്ലാം ഉഷാർ. രത്നാകരന് ഈ പട്ടണത്തിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ട്. എല്ലാം വലിയ പണക്കാരാണ്. ഇവിടെ വന്നാൽ ഹോട്ടൽ താരയിലാണ് മുറിയെടുക്കുക. എന്നാൽ താമസിക്കുന്നത് ഞങ്ങളുടെ കൂടെ ആയിരിക്കും. വലിയ പണക്കാരനാണെന്ന ഭാവം പോലും ഇല്ല. തേയ്ക്കാത്ത ഒരു കൈത്തറി ജുബ്ബ, എന്നാൽ താഴെ ആഷ് കളർ ബ്രാൻഡഡ് ജീൻസ്. ജൂട്ടിന്റെ തോൾ സഞ്ചിയിൽ നിന്നും പേജർ ഫോൺ എടുത്ത് നീഡിൽ കൊണ്ട് കുത്തിക്കുറിക്കുന്നതും ആരെയൊക്കെയോ ഹിന്ദിയിൽ വിളിക്കുന്നതും ഞങ്ങൾക്ക് അന്ന് വലിയ കൗതുകമായിരുന്നു.

രത്നാകരൻ വന്ന ആദ്യം തന്നെ കുത്തരി കഞ്ഞിയും തൈരും അച്ചാറും ഞങ്ങളുടെ വക ട്രീറ്റ്. അടുത്ത നേരം മുതൽ വലിയ സദ്യയുടെ ഒരുക്കങ്ങളാണ്. എല്ലാം രത്നാകരന്റെ താല്പര്യം പോലെ. അതിനിടയ്ക്ക് ഞങ്ങൾ പതിവുപോലെ കുശുകുശുക്കും. രത്നാകരന് കാര്യം മനസ്സിലാകും. മാതൃഭൂമി കലണ്ടറിനോടൊപ്പം തൂക്കിയിട്ട തോൽസഞ്ചിയിൽ നിന്ന് ലെതർ പേഴ്സ് എടുത്ത് അതിൽ നിന്നും മൂന്ന് നൂറിന്റെ നോട്ടെടുത്ത് നീട്ടും കട്ടയാടിന്. അത് മറ്റവനാ. ഒരിക്കൽ ഞാൻ ചോദിച്ചു, രത്നാകരൻ കുടിക്കൂല്ലേ?

ഇല്ല, ഞാൻ ധാരാളം പേരെ കുടിപ്പിച്ചിട്ടേ ഉള്ളൂ.

ഞങ്ങൾ പലപ്പോഴും ഓർത്ത് പോകാറുണ്ട്, ഇങ്ങനെയുമുണ്ടോ ഇക്കാലത്ത് ചെറുപ്പക്കാർ?

കൈരളിയിൽ മാത്രം ഞങ്ങൾക്ക് പ്രത്യേകം പേരുകളാണ് — പണിക്കർ, ആദം, നാണു, കൊച്ചുശങ്കരൻ, കട്ടയാട്. കന്ന് ചെന്നാൽ കന്നിൻ കൂട്ടിൽ എന്ന് പറഞ്ഞതുപോലെയാണ് ഞങ്ങടെ കാര്യം.

ചിലരൊക്കെ കള്ളവണ്ടി കയറിയതു പോലെയാണ് ഇവിടെ ഉപരി പഠനത്തിനെത്തിയത്. പാർട്ട് ടൈം ജോലിയിൽ നിന്ന് ലഭിക്കുന്നത് കൂലി എന്ന് പറയാനും കഴിയാത്ത വിധം ദയനീയമാണ്. അവധി ദിവസങ്ങളിൽ നാണു പതിവുപോലെ രാവിലെ എട്ടുമണിക്ക് ഉറക്കം തുടങ്ങും. വിശന്നാൽ അവൻ അങ്ങനെയാണ്. പിന്നെ ഊണിന് മുൻപിലെ കണ്ണു തുറക്കൂ. ശാസ്താംകോട്ട കോളേജിൽ പഠിച്ചിരുന്ന കാലത്ത് അവൻ വെയിറ്റ് ലിഫ്റ്റിൽ റെക്കോർഡ് തകർത്തവനാ. പണിക്കർ തൊഴിൽ നിയമം അരിച്ചു പെറുക്കുകയാണ്. കട്ടയാട് എന്തോ കുത്തിക്കുറിക്കുന്നുണ്ട്. കൊച്ചുശങ്കരൻ ഷൂ പോളിഷ് ചെയ്യുകയാണ്. പോസ്റ്റ്മാൻ പതിവു പോലെ താഴത്തെ ഗോവണിയുടെ വാതിൽ മുട്ടി.

എല്ലാവരും ആകാംക്ഷയോടെ ആ ശബ്ദം കേട്ടു. ഒരാൾക്കു മാത്രം ഇറങ്ങി പോകാൻ മാത്രം വീതിയുള്ള ഇളകിയ മരഗോവണിയിലൂടെ ഞാൻ മടക്കിക്കുത്തിയ ലുങ്കി ഒതുക്കി പിടിച്ച് താഴത്തേക്കിറങ്ങി. 'KAIRALI' Door No. 2220 — ഇൻലെന്റിലെ ആദ്യ വരി കൊണ്ട് തന്നെ മഷിപേന കൊണ്ടു മാത്രം എഴുതുന്ന രത്നാകരന്റെ കയ്യക്ഷരം ഞാൻ തിരിച്ചറിഞ്ഞു. രത്നാകരൻ വരുന്നു, ഉത്രാടത്തിന്!

ഓണം കലക്കണം. എല്ലാവരും ഒരു നിമിഷം അന്തിച്ചു നിന്നുപോയി, പിന്നെ ബഹളമായി. താഴെ താമസിക്കുന്ന ബസവലിംഗപ്പ ഗോവണി വാതിലിൽ തട്ടിക്കൊണ്ട് വീണ്ടുമൊരിക്കൽ കൂടി താക്കീത് തന്നു. ഏയ്, കെളഗടെ ധൂളി വീഴുത്തതെ! താഴേക്ക് മണ്ണ് വീഴുന്നുണ്ടത്രെ. അവരുടെ ചിതലു പിടിച്ച മച്ചാണ് ഞങ്ങളുടെ തറ.

ഇതിനിടയിൽ നാണു കണ്ണുതുറന്നു. കിടന്നോ, കിടന്നോ, ഉത്രാടത്തിന് വിളിച്ചേക്കാം — കൊച്ചുശങ്കരൻ കളിയാക്കി.

അന്ന് അത്തമായിരുന്നു. പൂക്കളിടാൻ ഞങ്ങൾക്ക് സ്വന്തമായി ഒരു മുറ്റമില്ല. പിന്നെ റോഡരികിൽ ഇടാമെന്ന് വയ്ക്കാം. പക്ഷേ പൂക്കൾ പണം കൊടുത്ത് വാങ്ങണ്ടേ? ഇനി പൂക്കൾ വാങ്ങാമെന്ന് വച്ചാൽ, എന്തോ വിശേഷ ദിവസം വരുമെന്ന് അയൽവക്കാർക്ക് മനസിലാകും. കുറച്ച് സ്വീറ്റ്സ് വാങ്ങി അവർക്ക് കൊടുക്കേണ്ടി വരും. പലപ്പോഴും അവരത് ചെയ്തിട്ടുണ്ട്. അതിനാൽ എന്തു കൊണ്ടും പൂക്കളിടുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന പണിക്കരുടെ തീരുമാനത്തിന്റെ ഭാഗമായി എല്ലാ ചമയങ്ങളും മുറിയ്ക്കകത്ത് ഒതുക്കാൻ തീരുമാനമായി.

ഉത്രാടത്തിന്ന് ആരും കോളേജിലും പാർട്ടൈമിനും പോയില്ല. ഇന്ന് രത്നാകരൻ വരുന്ന ദിവസമല്ലേ? പുസ്തകങ്ങളെല്ലാം മടക്കി തുരുമ്പിച്ച ഇരുമ്പ് ട്രാങ്കിന്റെ അടിത്തട്ടിൽ ഒതുക്കി വച്ചു. അവസാനത്തെ കറണ്ട് ബില്ല് സ്ഥാനത്ത് തന്നെ ഉണ്ടെന്ന് ഉറപ്പാക്കി വച്ചു. രാവിലെ കട്ടൻകാപ്പിയും ഈരണ്ട് ചപ്പാത്തിയും. കറിയില്ലാതെ ചപ്പാത്തി കഴിക്കുന്ന ശീലം വർഷങ്ങൾ കൊണ്ട് മണ്ണെണ്ണ സ്റ്റൗവിന്റെ രാസ ഗന്ധത്തോടൊപ്പം ഞങ്ങൾ വളർത്തിയെടുത്തിരുന്നു.

കാപ്പി ക്ലാസിൽ പകർന്നു കൊടുക്കുമ്പോൾ ഞാൻ എല്ലാവരോടുമായി പറഞ്ഞു — ഉച്ച കഞ്ഞിക്കുള്ള മണ്ണെണ്ണ അങ്ങോട്ട് മുട്ടിക്കാനേ ഉള്ളൂ, വൈകിട്ട് ഭക്ഷണം പുറത്തു നിന്നു കഴിക്കാം, രത്നാകരനും ഉണ്ടാകുമല്ലോ. എല്ലാവരും ഒരേ അഭിപ്രായക്കാരാണ്.

നേരം സന്ധ്യയോടടുത്തു. ഗലിയിലെ വീടുകൾക്കു മുന്നിൽ സ്ത്രീകൾ വെള്ളം തളിച്ചു തുടങ്ങി. ചിലർ വൈകിട്ട് തന്നെ കോലം വരച്ചിടും. നാഗലാംബിക വെളുപ്പിനേ കളം വരയ്ക്കൂ. ഞങ്ങൾ ഇവിടെ താമസം തുടങ്ങിയപ്പോൾ അവൾ പ്ലസ് ടു പാസായതാണ്. കഴിഞ്ഞ മാസം നാഗലാംബികയുടെ കല്യാണം കഴിഞ്ഞു. ടൗണിൽ വലിയ തുണിക്കടയുള്ള ഗോവിന്ദരാജു ആയിരുന്നു വരൻ. അതിൽ പിന്നെ നാണു വെളുപ്പിന് എഴുന്നേൽക്കാറില്ല.

സമയം രാത്രി പത്തു മണി ആകാറായി. ഗലിയിലെ വീടുകളിൽ വിളക്കുകൾ ഓരോന്നായി അണഞ്ഞു തുടങ്ങി. തെരുവോരത്തെ പൊതു ടാപ്പിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലെ വെട്ടം മാത്രം മതി, ആ തെരുവോരങ്ങളിൽ ഓട്ടം മതിയാക്കി തല കുമ്പിട്ട് വിശ്രമിക്കുന്ന കുതിര വണ്ടികളുടെ കാവലിനായ്. രാത്രി പതിനൊന്നിന് ഊട്ടിയിൽ നിന്നുള്ള ലാസ്റ്റ് ബസ് വരും. രത്നാകരൻ വരുമെന്ന് പറഞ്ഞാൽ വൈകിയാണെങ്കിലും അതിന് മാറ്റമില്ല. പണിക്കർ വീണ്ടും തൊഴിൽ നിയമം എടുത്ത് വിടർത്തി. കൊച്ചുശങ്കരൻ എന്തോ സീരിയസ് ആയി വായിക്കുകയാണ്. നിയമ പുസ്തകമല്ലന്നുറപ്പാണ്.

'ഹൗ റ്റു സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് ലിവിംഗ്' — ഡെയ്ൽ കാർണിയുടെ സമാശ്വാസ സാഹിത്യത്തിലാണ് ഈയിടെയായി ഇഷ്ടന് താല്പര്യം. എഴുതിയതെല്ലാം മറന്നു പോയ ഒരു എഴുത്തുകാരന്റെ ജീവിതത്തെപ്പറ്റി എഴുതാനാണ് കൊച്ചു ശങ്കരന്റെ മോഹമെന്ന് അവൻ എപ്പോഴും പറയാറുണ്ട്.

കട്ടയാടെ, നമുക്കിന്ന് പുസ്തകം തൊടണ്ട, നീയൊരു കവിത ചൊല്ല്, സ്വന്തം മതി. കട്ടയാട് ഇടയ്ക്കൊക്കെ കവിത എഴുതും, നിർബന്ധിച്ചാൽ ചൊല്ലുകയും ചെയ്യും. കട്ടയാട് ഒന്നും മിണ്ടിയില്ല. കുറച്ചുദിവസം മുൻപാണ് കട്ടയാട് നാട്ടിൽ പോയിട്ട് തിരിച്ചു വന്നത്. സാധാരണ ഇത്രയും ദിവസം നാട്ടിൽ നിൽക്കാറില്ല. നാട്ടിൽ പോയി വരുമ്പോൾ ഉണക്ക മത്തിയും ഉണക്കപ്പുളിയും കൊണ്ടുവരാറുള്ളതാണ്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ആകെ ക്ഷീണിതനായിരുന്നു. കുറെ നാട്ടുവർത്തമാനം പറഞ്ഞു — മഴയുടെ ശക്തി, ബസ് ചാർജ് വർദ്ധന, കേരളത്തിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ എല്ലാം. ഒടുവിൽ അനുബന്ധം പോലെ പറഞ്ഞു, ഞാൻ ഇപ്പോൾ എല്ലാം കൊണ്ടും ഫ്രീ ആയി. അതെന്താ? അച്ഛനും മരിച്ചു, മിനിഞ്ഞാന്ന് ആയിരുന്നു സഞ്ചയനം. ആരും ഒന്നും മിണ്ടിയില്ല.

ആകെ വീട്ടിൽ അവശേഷിച്ചത് അച്ഛനായിരുന്നു. മരിക്കുന്നതിന്റെ തലേന്നാൾ തലയിണയുടെ അടിയിൽ നിന്ന് ഒരു ചെറിയ പൊതിയെടുത്ത് കയ്യിൽ തന്നു. ഇത് മുതലാളി ആശുപത്രിയിൽ വച്ച് തന്നതാ. മോൻ നന്നായി പഠിക്കണം, അളിയനുമായി വഴക്കൂടരുത്. കട്ടയാടിനെ പറ്റി ഓർക്കുമ്പോൾ ഇതെല്ലാം ഞങ്ങളുടെ മനസ്സിൽ വരും.

പെട്ടന്ന് ഏതോ വെള്ളക്കടലാസിൽ കുറിച്ച വരികൾ കട്ടയാട് പാടാൻ തുടങ്ങി,

"പോയ കാലത്തിന്റെ ശവദാഹമാണിന്ന്
പൊയ്‌പോയ രാവുകൾക്കതിരാത്രമാണിന്ന്
ഇന്നെന്റെ സ്വപ്നം മരിക്കാതിരിക്കുമോ?
നാളത്തെ സൂര്യൻ ഉദിക്കാതിരിക്കുമോ?"

"ഞാ, ഞാ, ഉദിയ്ക്കും ഉദിയ്ക്കും, ഇപ്പൊ തത്ക്കാലം പോയിക്കിടക്ക്." പാതി ഉറക്കത്തിൽ നിന്ന് നാണു വിളിച്ചുപറഞ്ഞു.

പുറത്ത് നല്ല തണുത്ത കാറ്റുണ്ട്. നൈറ്റ് പെട്രോൾ ഡ്യൂട്ടി പോലീസിന്റെ വിസിലടി മാത്രം ഇടയ്ക്കിടെ കേൾക്കാം. നെഞ്ചും കോടിനുള്ള അവസാനത്തെ പാസഞ്ചർ ട്രെയിനും ചൂളമടിച്ച് കടന്നുപോയി. വീടിന്റെ തെക്കുവശത്തുള്ള പാളികൾ ഇല്ലാത്ത ജനലിന്റെ ഇരുമ്പ് നെറ്റിലൂടെ ചാമുണ്ഡി മലയിലെ ദീപാലങ്കാരങ്ങൾ മാത്രം അങ്ങ് ദൂരെ കാണാം. വീടിന്റെ വടക്കുവശമെത്തെയുള്ള മുന്നടി മട്ടുപ്പാവിൽ നിന്നാൽ കിഴക്ക് ചക്രവാളം വടയാർ കൊട്ടാരത്തിന്റെ ദീപാലങ്കാരത്തിന്റെ പ്രഭയാൽ ശോഭിതമായും, പടിഞ്ഞാറ് ചക്രവാളം മൈലുകൾക്കകലെയുള്ള വൃന്ദാവനത്തിലെ ദീപാലങ്കാരത്തിന്റെ ഭാഗമായി സപ്ത വർണ്ണ പ്രഭയിലും തുടുത്തു നിന്നു.

രാത്രി ഒരു മണിയോടടുത്തു. താഴെ പുറത്ത് ഏതോ ജീപ്പ് മെല്ലെ മെല്ലെ വന്നു നിൽക്കുന്ന ശബ്ദം.

ഞാൻ എല്ലാവരെയും വിളിച്ചുണർത്തി. എടാ, എടാ, എഴുന്നേൽക്ക്, രത്നാകരൻ വന്നെടാ! രത്നാകരൻ!

പടികൾ ഇളകുന്ന ഗോവണിയിൽ കൂടി ഞാൻ നീണ്ട കൈപ്പടിയിൽ ബലം പിടിച്ച് ഊർന്നിറങ്ങി കതക് തുറന്നു. മുൻപിൽ ഒരു സബ് ഇൻസ്പെക്ടറും കൂടെ നാല് പോലീസുകാരും.

"ഡോർ നമ്പർ 2220 കൈരളി?"

"യെസ് സാർ," കണ്ഠമിടറി ഞാൻ പറഞ്ഞൊപ്പിച്ചു.

"യുവർ നെയിം?" "രതീഷ് ബാബു." പോലീസ് സംഘം പതുക്കെ എന്റെ പിന്നാലെ ഗോവണിയിലൂടെ മുകളിലേക്ക് വന്നു.

"യു?" "മാത്യു പൗലോസ്," ആദം തലകുനിച്ചു പറഞ്ഞു.

"യു?" "ഇഖ്ബാൽ."

"യു?" "നാരായണൻ."

"ഫോർ വാട്ട്?" പണിക്കർ തന്റേടത്തോടെ ഏറ്റുമുട്ടി.

"വി ആർ ഫ്രം നർക്കോട്ടിക് വിംഗ്." ഇൻസ്പെക്ടർ ശബ്ദം ഉയർത്തി പറഞ്ഞു. "ഡോണ്ട് മൂവ്, യു ആർ ആൾ അണ്ടർ അറസ്റ്റ്." ഇൻസ്പെക്ടർ ഓരോരുത്തരേയുമായി തോളത്ത് വിരൽ തൊട്ട് ഞങ്ങളെ പ്രധാന മുറിയുടെ ഒരരികിലേക്ക് മാറ്റി നിർത്തി.

"വാട്ട്സ് ദ റീസൺ? വേർ ഈസ് ദ വാറണ്ട്?" പണിക്കർ അപ്പോഴേക്കും വക്കീലായി കഴിഞ്ഞു.

"ടേക്ക് ദിസ്, സേർച്ച് വാറണ്ട് ആൾസോ ദേർ." ഇൻസ്പെക്ടർ രണ്ടു പേപ്പറുകൾ പണിക്കരുടെ നേരെ നീട്ടി. പണിക്കർ വായിക്കുന്നതിനിടയിൽ ഞാൻ ചെറുതായി കണ്ടു — '2220 KAIRALI' എന്ന ഭാഗം മാത്രം.

"യുവർ ഫ്രണ്ട് വൺ രത്നാകരൻ, ആൾസോ നോൺ ആസ് അഞ്ജത്, ആൾസോ അറസ്റ്റഡ് എലോംഗ് വിത്ത് നർക്കോട്ടിക് സബ്സ്റ്റൻസ്. ഹി സെന്റ്സ് എവരിത്തിംഗ് റ്റു അസ്."

"വി നോ രത്നാകരൻ, ബട്ട് നോട്ട് അഞ്ജത്..." പണിക്കർക്ക് തുടരാനായില്ല.

അവർ കൈരളിയിലെ എല്ലാ മുറികളും അരിച്ചു പെറുക്കി പരിശോധിച്ചു. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. ലഭിച്ച 460 രൂപയും കട്ടയാടിന്റെ അച്ഛന്റെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും അല്ലാതെ മറ്റൊന്നും കൈരളിയിൽ നിന്നും അസാധാരണമായി കണ്ടെടുക്കാൻ ഇല്ലായിരുന്നു. നാളെ കട്ട് ചെയ്യുമെന്ന് കാണിക്കുന്ന കറണ്ട് ബില്ല് ഞാൻ ചൂണ്ടിക്കാണിച്ചു. ഇൻസ്പെക്ടർ അതും കയ്യിലെടുത്തു. അപ്പോഴേക്കും മറ്റൊരു ജീപ്പും കൈരളിയുടെ താഴെ വന്നു നിന്നു.

കൈരളിയിലെ മണ്ണെണ്ണ കരിന്തിരി മണവും അടയ്ക്കാത്ത ആ കറണ്ട് ബില്ലും കൂടി ഞങ്ങൾക്കന്ന് മറ്റൊരു രത്നാകരനായി മാറി.

പിറ്റേന്ന് വൈകിട്ടോടെ കൈരളിയിൽ തിരിച്ചെത്തി കതകടച്ച് കൂരിരുട്ടിൽ മുറിയിലിരുന്നപ്പോൾ കട്ടയാട് ചിരിച്ചുകൊണ്ടു പറഞ്ഞു — ഇന്ന് തിരുവോണമാണ്, ഞാൻ ഒരു കവിത ചൊല്ലട്ടെ!

— മാത്തപ്പൻ വെങ്ങോല

കഥ ആശാട്ടിആശാട്ടിയുടെ വീടിന്റെ ഇറയത്തെ തരിമണലിൽ ചുണ്ടുവിരൽ കൊണ്ട് ഹരിശ്രീ എഴുതിയപ്പോൾ മറ്റുള്ളവർ അത്ഭുതത്തോടെ എന്നെ നോക്...
22/09/2026

കഥ

ആശാട്ടി

ആശാട്ടിയുടെ വീടിന്റെ ഇറയത്തെ തരിമണലിൽ ചുണ്ടുവിരൽ കൊണ്ട് ഹരിശ്രീ എഴുതിയപ്പോൾ മറ്റുള്ളവർ അത്ഭുതത്തോടെ എന്നെ നോക്കി നിന്നു.

'എന്തൊരു വടിവൊത്ത അക്ഷരങ്ങൾ; മറ്റാരെക്കാളും മുമ്പേ രണ്ട് മാസം കൊണ്ട് ആശാൻ കളരി പൂർത്തിയാക്കി’ ഓല പഠിച്ചു.

‘കുട്ടി പഠിച്ച് വലിയവനാകും’ ആശാട്ടി അനുഗ്രഹിച്ചു. ആശാൻ കളരിയിലെ വിശേഷങ്ങൾ ഓരോന്നും ചെറിയമ്മ വീട്ടിൽ വന്നു പറയാറുണ്ട്. അന്നൊക്കെ വീട്ടിൽ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. അച്ഛനും അമ്മയും അവരുടെ വംശഗുണം പറഞ്ഞു പറഞ്ഞ് ഒടുവിൽ സ്നേഹപിണക്കത്തിൽ വരെ എത്തിയിട്ടുണ്ട്. എനിക്കെന്തോ സന്തോഷിക്കതായി ഒന്നും അന്നൊന്നും തോന്നിയിട്ടില്ല.

അച്ഛനും അമ്മയും ആശാട്ടിയെ ചെന്ന് കണ്ട് നന്ദി പറഞ്ഞു. കൂടെ കുറെ അരിയും നാളികേരവും പച്ചക്കറികളും കൊണ്ടുപോയിരുന്നു. ഒരിക്കൽപോലും അവർ എന്നെ തല്ലിയിട്ടില്ല. എങ്കിലും ആശാട്ടിയെ ഇഷ്ടപ്പെടാൻ എനിക്കായില്ല. എന്തോ, ഈ വെറുപ്പ് പുറമെ കാട്ടാൻ എനിക്ക് ധൈര്യമില്ലായിരുന്നു.

ഒരു ദിവസം അമ്മ അച്ഛനോട് പറയുന്നത് കേട്ടു. നമ്മുടെ ആശാട്ടി മോന്റെ കാര്യം ഇന്നും എന്നോട് ചോദിച്ചു, മോൻ നന്നായി പഠിക്കുന്നുണ്ടോയെന്ന്?

എന്തിനാ അവർ എന്നെപ്പറ്റി ഇങ്ങനെ എപ്പോഴും ചോദിക്കുന്നത്? വർഷങ്ങൾ തന്നെ കഴിഞ്ഞു ഞാൻ ആശാൻ കളരിയിൽ നിന്ന് പോന്നിട്ട്.

വേനൽ നീണ്ടുകൊണ്ടിരുന്നു. സ്ഥാനം തെറ്റി താഴ്ത്തിയ കിണറുകളിലെ വെള്ളമെല്ലാം വറ്റി. ആശാട്ടിയുടെ വീട്ടുമുറ്റത്തെ മൈലാഞ്ചി ചെടികളെല്ലാം വാടി നിൽക്കുന്നത് വഴിയിൽ കൂടി പോകുന്നവരോടൊപ്പം ഞാനും കണ്ടു.

സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു : ‘മോനെ’ നിന്നെ ആശാട്ടിക്ക് ഒന്നു കാണണമെന്നു, തീരെ സുഖമില്ലാതെ കിടപ്പാ, ഞാൻ തലകുലുക്കി,

ആശാട്ടിക്ക് എത്ര വയസ്സുണ്ടെന്ന് ആർക്കും ഒരു പിടിയുമില്ല. മുത്തശ്ശി മാത്രമാണ് ആശാട്ടിയുടെ ഭർത്താവിനെ കണ്ടിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്നത്. വലിയ അറിവുള്ള ആളായിരുന്നുവത്രെ. ഒടുവിൽ വസൂരി പിടിപെട്ടു.

നാട്ടുകാർ കള്ളു കുടിച്ച് മയങ്ങി കിടന്നപ്പോൾ, സുബോധം നഷ്ടപ്പെട്ട് ഇറങ്ങി ഓടി കിണറ്റിൽ വീണാണ് ചത്തത്.

ആശാട്ടിയെ ഞാൻ കാണുമ്പോൾ തലയാകെ നരച്ച്, ഒരാണിന്റെ അത്ര പൊക്കത്തിൽ, ഒരു നാടിന്റെ മുഴുവൻ ആശാട്ടിയായി കൂസലേനെ നടന്നിരുന്നു. ആശാട്ടിക്ക് ആണുങ്ങളുടെ അത്ര തലമുടിയും ഉണ്ടായിരുന്നുള്ളു. ചെറിയമ്മ പറയാറുണ്ട് ബുദ്ധി കൂടുതലുള്ളവർക്ക് തലമുടി കുറവായിരിക്കുമെന്ന്.

ആശാട്ടിയുടെ തലയ്ക്കുള്ളിൽ മുഴുവൻ ബുദ്ധിയായിരുന്നു.

ആശാട്ടിയെ എല്ലാവർക്കും ബഹുമാനമായിരുന്നു; എനിക്കൊഴിച്ച്.

ഈ വെറുപ്പ് ചെറിയമ്മയോടെങ്കിലും പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്കതിനും കഴിഞ്ഞിട്ടില്ല. ആശാട്ടി എന്റെ മാത്രമല്ല, നാടിന്റെ മുഴുവൻ ആശാട്ടിയാണ്.

അന്ന് വൈകിട്ട് അമ്മ തിരക്കി, നീ ആശാട്ടിയുടെ അടുത്തു പോയില്ലേ?

‘ങ്ങും, ഒരു വിധം മുളിയാപ്പിച്ചു.’ ‘നന്നായി, മരിക്കാൻ കിടക്കുമ്പോഴും അവർ മോന്റെ കാര്യം ചോദിക്കാൻ മറന്നില്ല’

നേരം പുലർന്നിട്ടും നാമം ജപിക്കാൻ മുത്തശ്ശി വിളിച്ചില്ല. കണ്ണുമടച്ച് വീണ്ടും കിടന്നു. ചെറിയമ്മ കുലുക്കി വിളിച്ചു. ‘എണീക്ക്, ആശാട്ടി മരിച്ചു’

ഉറക്കച്ചടവോടെ ഞാൻ കട്ടിലിൽ എണീറ്റിരുന്നു, “നീയറിഞ്ഞോ വെളുപ്പിന് നമ്മുടെ ആശാട്ടി മരിച്ചു”

ഉവ്വോ അതിൽ കൂടുതലൊന്നും നടുങ്ങാൻ എനിക്കായില്ല.

‘നീ പോരുന്നോ? ഇവിടെയുള്ളവരെല്ലാം അങ്ങോട്ട് പോയിരിക്കയാ, ചെറിയമ്മ പൊയ്ക്കോ ഞാൻ പിന്നെ വന്നുകൊള്ളാം,’

ആശാട്ടിയുടെ പറമ്പിൽ മരം വെട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്.
‘ദഹിപ്പിക്കാൻ മാവ് വെട്ടുന്നതാ,’ വേലക്കാരി കമലമ്മ പറഞ്ഞു.

തിരിച്ചുവന്ന മുത്തശ്ശി അടയ്ക്ക ചതക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു. ‘ആശാട്ടി ഭാഗ്യം ചെയ്തവള, ആരെയും ബുദ്ധിമുട്ടിച്ചില്ല, മക്കളെ പോലും, അവർക്കുള്ള മാവ് വരെ അവർ നട്ടുവളർത്തിയതല്ലേ? ബാക്കിയൊള്ളോരേം ഇങ്ങനെയൊക്കെ അങ്ങോട്ട് വിളിച്ചാൽ മതിയായിരുന്നു.’

ആശാട്ടിയുടെ മൂത്തമകൻ കോട്ടയത്തു നിന്ന് എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. അതിനിടയ്ക്ക് ഏതാനും കാറുകളും ജീപ്പുകളും വന്നു പോയ്ക്കൊണ്ടിരുന്നു. ‘പഠിച്ചു വലിയവരായ പലരും ആയിരിക്കും അതിൽ.’

വീടിന്റെ ജനലിൽക്കൂടി ഞാൻ നോക്കി നിന്നു. ആശാട്ടിയുടെ പറമ്പിലെ വലിയ തീയും അതിനു ചുറ്റുമായി ഇടയ്ക്കിടെ മാറുന്ന ആളുകളെയും.

അവരുടെ നിഴൽ വീടിന്റെ ഉള്ളിലെ ഇടനാഴിയിൽ ഇടയ്ക്കിടെ പതിഞ്ഞുകൊണ്ടിരുന്നു.

‘തീ പിടിച്ച് ഏതാണ്ട് പകുതിയാകുമ്പോൾ തലച്ചോർ പൊട്ടിത്തെറിക്കുന്ന ഒച്ച കേൾക്കാം’ കമലമ്മ പറഞ്ഞ കാര്യം വീണ്ടും ഓർമ്മ വന്നു.

ഞാൻ കാതോർത്തു കിടന്നു. ആ വലിയ ശബ്ദം കേൾക്കാൻ.

മാത്തപ്പൻ വെങ്ങോല
#ആശാട്ടി
#ചെറുകഥ

13/09/2026

Indian Sports

Address

Thodupuzha

Telephone

+918590833607

Website

Alerts

Be the first to know and let us send you an email when സത്യവാങ്മൂലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സത്യവാങ്മൂലം:

Shortcuts

Share

Nearby home improvement businesses